പരിയാരം: സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെ കാട്ടുപന്നി ഇടിച്ചു വീഴ്ത്തിയതിനെ തുടർന്ന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പരിയാരം മുടിക്കാനം കുണ്ടപ്പാറയിലെ ഇടച്ചേരിയൻ വീട്ടിൽ ഇ.ജെ. തോമസാണ് (പാപ്പച്ചൻ-62) മരിച്ചത്.
ഇക്കഴിഞ്ഞ പത്തിന് രാവിലെ എട്ടിന് ചെറുതാഴം മേലതിയടത്ത് റോഡരികിലെ കുറ്റിക്കാട്ടിൽനിന്ന് റോഡിലേക്കിറങ്ങിയ കാട്ടുപന്നി ഓടിവന്ന് തോമസ് സഞ്ചരിച്ച സ്കൂട്ടർ കുത്തിവീഴ്ത്തുകയായിരുന്നു. തോമസിന്റെ തലയ്ക്കും നട്ടെല്ലിനുമായിരുന്നു പരിക്കേറ്റത്.
സഹയാത്രികനായ ഇ.ടി. ജിനുവിന് തോളെല്ലിനും കൈക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. തോമസിന്റെ സംസ്കാരം ഇന്ന് 3.30ന് മുടിക്കാനം സെന്റ് ആന്റണീസ് പള്ളിയിൽ നടക്കും. ഭാര്യ: ക്രിസ്റ്റീന. മക്കള്: ജിസ്ന, ജിനു, പരേതനായ ജിബിന്. സഹോദരങ്ങൾ: സ്റ്റീഫൻ, ബ്രിജിറ്റ്, സോളമൻ.